സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Sunday, August 19, 2007

എനിഗ്മ

പൊന്നാതിരപൂത്തിങ്കള്‍ തെളിഞ്ഞു,
പൂത്താരകങ്ങള്‍ നിരന്നു.
മുറ്റത്തുകത്തും വിളക്കിന്നു ചുറ്റും
മങ്കമാ‍ര്‍ നൃത്തം തുടര്‍ന്നു.

ഈശാനകോണില്‍ താനേ വളര്‍ന്നതാം
ഏഴിലം പാലകള്‍ പൂത്തൂ.
പാലപൂഗന്ധം വഴിഞ്ഞു.
താനേ തുറന്ന ജനാലകള്‍ ദൂരത്തു
മിന്നായം കണ്ടു തരിച്ചു.
ദൂരെ ശ്വാനവിലാപമുയര്‍ന്നു.

യവനിക രാവിന്‍, നിലാവിലുയരവെ
ശ്വേതാംബരിയാള്‍ ചിരിച്ചു.
സത്യം! എന്റെ കണ്ണാലെ ഞാന്‍ കണ്ടു.
തീരാവിരഹത്തിന്‍ ശോകാര്‍ദ്രഗാനവു-
മായവളെങ്ങോ മറഞ്ഞു.
നൂപുരത്തേങ്ങലും കേട്ടൂ.

ഒറ്റപ്പുളിമരക്കൊമ്പത്തു നത്തുകള്‍
ദുര്‍മന്ത്രലക്ഷം ജപിച്ചു.
കടവാതില്‍ ചിറകിട്ടടിച്ചു.
പൂമുഖത്തിണ്ണയില്‍ വെള്ളോട്ടൂകിണ്ടികള്‍
തട്ടിയുരുണ്ടൂ മറിഞ്ഞു,
കാലന്‍ പൂച്ച കിടഞ്ഞു മുരണ്ടൂ.

ആട്ടക്കസാലയില്‍ ചാരി മയങ്ങവെ
പൊട്ടിച്ചിരികേട്ടുണര്‍ന്നു.
വെള്ളിച്ചെരാതു തെളീച്ചു ഞാന്‍ നോക്കവെ
കാറ്റിലാ ദീപമണഞ്ഞു.
ദൂരത്തെന്തൊക്കെയോ വീണുടഞ്ഞു.
ഞെട്ടിത്തരിച്ചു ഞാന്‍ മന്ത്രം ജപിക്കവെ
കയ്യിലേലസ്സു തടഞ്ഞു.
പിന്നെയാ ഏലസ്സു മാറോടു ചേര്‍ത്തു ഞാന്‍
കണ്ണുമടച്ചു കിടന്നു.

രാത്രിയൊക്കെക്കഴിഞ്ഞെങ്ങനോ പിന്നെ ഞാന്‍
പതിവിന്റെ വിളി കേട്ടുണര്‍ന്നു.
ചുമരിന്മേല്‍ തൂങ്ങുമാ പഴയ ഘടികാരം
പാതി വഴിക്കു നിലച്ചിരുന്നു.
തൊടിയിലെ ചെമ്പരത്തിപ്പൂക്കളൊക്കെയും
ചോന്നു തുടുത്തു ഭയം പകര്‍ന്നു.
പാറിയടുത്തൊരു കൃഷ്ണപ്പരുന്തോന്നു
റാകിപ്പറന്നങ്ങുയര്‍ന്നു.
ഓടിക്കിതച്ചെത്തിയാരോ പടിപ്പുര-
വാതില്‍ തുറന്നു തളര്‍ന്നു നിന്നു.
അകലെ നിന്നപ്പൊഴും നരികളോ നായ്ക്കളോ
ഓരിയിട്ടോണ്ടേയിരുന്നു.
(പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്)

Labels:

0 Comments:

Post a Comment

<< Home

ജാലകം