സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Tuesday, February 27, 2007

ഈശ്വരവിലാപം

“എന്റെ വെള്ളരിപ്രാവിന്റെ തൂവലിലെങ്ങിനെ
വ്യര്‍ത്ഥാഭിമാനത്തിന്‍ കരിപുരണ്ടു?
നീല മഹാസാഗരം പോലെ ശാന്തമാ-
കേണ്ടുന്ന കണ്ണുകളോ ചുവന്നും!”

പൂന്തേന്‍ തുളുമ്പേണ്ട പൂവിന്റെയുള്ളിലി-
ന്നെങ്ങനെ തിക്തരസം പടര്‍ന്നു?
തീര്‍ത്ഥക്കുളത്തില്‍ വിഷം കലര്‍ന്നു!
കരയോ കറുത്തു; മനമിരുണ്ടു.

ധര്‍മ്മവാക്യങ്ങളില്‍ ജലം ചേര്‍ത്തു വില്‍ക്കുന്ന
കടകളിലെവിടെയോ ശാന്തി തിരഞ്ഞവര്‍
ശാന്തി കിട്ടാതലഞ്ഞുലകത്തിലൊക്കെയും
വിദ്വേഷബീജം വിതയ്ക്കാന്‍ നിയുക്തരായ്‌.

ആയുധപ്പുരകളില്‍ പായ വിരിച്ചവര്‍
‍ദേവസൂക്തങ്ങളെ വ്യഭിചരിച്ചു.
അഗ്നിബാണങ്ങളാല്‍ ജീവനെടുത്തിട്ട്‌
ദേവനായിട്ടെന്നഹങ്കരിച്ചു.
ഉള്ളിലെ അഗ്നിയാലന്ധരായൊക്കെയും
ചാമ്പലാക്കാനായ്‌ അവര്‍ നടന്നു.

കൊത്തുന്ന പാമ്പിനു പാലുകൊടുക്കുവാന്‍
സ്വാര്‍ത്ഥലാഭത്തിന്റെ ലോകപ്രമാണികള്‍.
അഭിനവ വിദ്വേഷവേദം ചമക്കുവാന്‍
വ്യാജപ്രവാചകന്‍മാരും ഗുരുക്കളും.

വര്‍ഷകാലത്തിന്റെ കാര്‍മുകില്‍ ഇങ്ങനെ
എത്രനാള്‍ ആദിത്യനെ മറയ്ക്കും?
വര്‍ഷകാലത്തിന്റെ കാര്‍മുകില്‍ ഇങ്ങനെ
എത്രനാള്‍ ആദിത്യനെ മറയ്ക്കും!

Labels:

ജാലകം