സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Friday, November 24, 2006

കമ്പ്യൂട്ടറിനോട്‌

ഗണികയന്ത്രത്തിന്റെ ചതുരത്തലങ്ങളില്‍
തെളിയുന്ന വര്‍ണ്ണാക്ഷരങ്ങള്‍ക്ക്‌ മുന്‍പിലായ്‌
വരികള്‍ക്കു പിന്നിലെ അര്‍ത്ഥം തിരഞ്ഞെന്റെ
മനുജമസ്തിഷ്കം പകച്ചു കിതക്കവെ
ഊറിച്ചിരിക്കുന്ന കപടമസ്തിഷ്കമേ
വയ്യ, തളര്‍ന്നെന്റെ അംഗുലീയങ്ങളും.

Labels:

Monday, November 13, 2006

കാഴ്ച

മാനസ വാടിയില്‍ മോഹം വിടര്‍ന്നപ്പോള്‍
ഒന്നാം കിളിക്കുമേല്‍ കണ്ണുവച്ചു.
വര്‍ഷം കഴിഞ്ഞപ്പോള്‍ വാസന്തം വന്നപ്പോള്‍
രണ്ടാം കിളിക്കൊപ്പം കൂട്ടുകൂടി.
ആ കിളിയെന്നോ പിണങ്ങിപ്പറന്നപ്പോള്‍
മൂന്നാം കിളിക്കൊപ്പം കൂടൊരുക്കി.
ഇന്നാ കുടിലിന്റെ പൂമുഖത്തിണ്ണയില്‍
നാലാമത്തെക്കിളി കാത്തിരിപ്പൂ
നാരായണക്കിളീ നീയാരേ തേടുന്നൂ
നിന്‍ ദേവന്‍ വൃന്ദാവനം വെടിഞ്ഞൂ.

മാനസവാടിയില്‍ പൂക്കള്‍ നിറഞ്ഞപ്പോള്‍
ചെമ്പനീര്‍ പൂവിനെത്താന്‍ ഭ്രമിച്ചു.
മുരളികയൂതിയാ കാര്‍വര്‍ണ്ണന്‍ നിത്യവും
ആ പൂവോടു മാത്രമായ്‌ സല്ലപിച്ചു.
ആ പൂ കൊഴിഞ്ഞിട്ടോ ആരോ നുകര്‍ന്നിട്ടോ
ഇന്നു മറ്റൊന്നിനെ തേടിടുന്നു.
നീലഞ്ജനപ്പൂവേ നീയാരേ തേടുന്നൂ
നിന്‍ ദേവന്‍ ഏതോ പൂവില്‍ ഭ്രമിച്ചു.

വൈകിയാണെങ്കിലും ഞാനെന്റെ ജാലകം
എന്തിനോ മെല്ലെ തുറന്നീടവെ
വെയിലേറ്റു വാടിയ പൂവുകളൊക്കെയും
ആരെയോ ധ്യാനിക്കയായിരുന്നു.
തളിരിട്ട നാട്ടുമാവിന്നിളം ചില്ലയില്‍
പാടാതെ വന്നൊരു കിളിയിരുന്നു.

Labels:

Wednesday, November 08, 2006

മംഗളപത്രം

മാറാലമൂടുമീ സന്ധ്യകള്‍ക്കപ്പുറം
മഞ്ഞില്‍ കുളിച്ചൊരു രാവുണരും.
യാത്ര ചോദിക്കുന്ന സോദരീ, അന്നൊരു
പൂത്താലി നിന്നെ അലങ്കരിക്കും.
വല്ലരി നിന്നില്‍ നിന്‍ വല്ലഭന്‍ നെയ്യുന്ന
കനവുകള്‍ കനിയായവതരിക്കും.
സന്താനസമ്പാദ്യമോടെ നീ ആയിരം
പൂര്‍ണ്ണചന്ദ്രോദയ സാക്ഷിയാകും.

അന്നുനിന്നോര്‍മ്മതന്‍ കോണിലായെങ്കിലും,
ഈയുള്ളവന്‍ ഉണ്ടായിരിക്കയില്ലെങ്കിലും,
മംഗളപത്രമീ കാറ്റിന്റെ കൈകളില്‍;
കരളിന്റെ പ്രാര്‍ത്ഥന ഈ പൂ ദളങ്ങളില്‍.
നിന്‍ ജീവനാകെയും പൂത്തുലഞ്ഞീടട്ടെ
പാതിവൃത്യത്തിണ്റ്റെ പാരിജാതം.

- ജോനാ

Labels:

Tuesday, November 07, 2006

ലീവ്‌ റിക്വസ്റ്റ്‌

വരിചേര്‍ന്ന നെല്‍ക്കതിര്‍ തലചായ്ച്ചുറങ്ങുന്ന
വയലിന്റെ ഇപ്പുറത്തിത്തിരി ഭൂമിയില്‍
ഒരുകൊച്ചു കൂരയില്‍
ഇത്തിരി നേരം തലചായ്ചുറങ്ങുവാന്‍
ഇത്തിരി ലീവു തരിക മാനേജരെ

കളകളം പാടുന്ന പുഴയുടെ ഇക്കരെ
കയറുമാടത്തിലൊരു തഴപ്പാവിരിച്ചിട്ട്‌
തഴുകുന്ന കാറ്റിന്റെ കുളിരില്‍ മയങ്ങുവാന്‍
ബാല്യം സ്മരിക്കുവാന്‍
കൌമാര കൌതുകം ഓര്‍ത്തു ചിരിക്കുവാന്‍
ഉള്ളിന്റെയുള്ളിലെ എന്നെത്തിരിച്ചറി-
ഞ്ഞിത്തിരി നേരം ഞാനായിരിക്കുവാന്‍
ക്ഷണനേരമെങ്കിലും അമ്പലക്കാളപോല്‍
ബന്ധനമില്ലാതെ മേഞ്ഞു നടക്കുവാന്‍
ഇത്തിരി ലീവു തരിക മാനേജരെ

-ജോനാ

Labels:

Saturday, November 04, 2006

പുനര്‍ജ്ജനി

മീനക്കൊടുംവെയില്‍ ചായുന്ന നേരം
വൃക്ഷമുത്തച്ഛന്റെ ആത്മഗതം
വനമായിരുന്നിടം തരിശായൊടുങ്ങവെ
ഏകനായി ഇവിടെ ഞാന്‍ വേനല്‍ സഹിക്കുവാന്‍.
'ഇന്നു ഞാന്‍ നാളെ നീ' ചൊല്ലിക്കടന്നു പോയ്‌
കടപുഴകി ചിലരൊഴുകി അഴുകി അകലങ്ങളില്‍.

അപരാഹ്നമായ്‌ സൂര്യന്‍ ആഴിതേടി
പുനര്‍ജ്ജനി വേണ്ടേ? പുലരി വേണ്ടേ?

പുഷ്പകാലത്തു താന്‍ പൂവിരിച്ചീലാ,
പുണ്യാതിരക്കു താന്‍ പൂപൊഴിച്ചീലാ.
ആറ്റക്കിളികളെ പോറ്റാതയച്ചു,
കൂട്ടിലെ കുഞ്ഞിനെ കാറ്റത്തുലച്ചു.

അപരാഹ്നമായ്‌ ജീവന്‍ ശാന്തി തേടി
പുനര്‍ജ്ജനി വേണ്ടേ? പുലരി വേണ്ടേ?

ദളമര്‍മ്മരങ്ങള്‍ ജപമാലയായീ
വേനല്‍ക്കൊടും വെയില്‍ യാഗാഗ്നിയായീ
പൂര്‍വ്വാശ്രമത്തിന്നിലച്ചാര്‍ത്തു മാറ്റാം
പുണ്യാശ്രമത്തിന്‍ തളിരാട ചൂടാം

പാപബോധത്തിന്റെ പാലഴി നീന്തി
ശാന്തി തീരത്തുതാന്‍ ചേരുന്ന നേരം
പുണ്യം വരുത്തുന്ന പനിനീരുമായീ
മേഘമാലാഖമാര്‍ മാനത്തു ദൂരേ.

-ജോനാ

Labels:

ജാലകം