സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Monday, January 07, 2008

വിദ്യാര്‍ത്ഥി

കൊച്ചുമുതലാളിയുടെ കാല്‍ മുറിഞ്ഞു
പള്ളിക്കൂടം വരെ കൂട്ടുവേണം.
അരചന്നു പിന്നിലായ് സേവകനെന്നപോല്‍
അക്ഷരച്ചുമടുമായ് പിറകേ ഞാനും.

അകലെനിന്നേ കേള്‍ക്കാം ആരവങ്ങള്‍
വാഗ്വീശ്വരിയ്ക്കെന്നും ഉത്സവങ്ങള്‍
നീലനിറങ്ങളിലക്ഷരങ്ങള്‍,
പുസ്തകത്തില്‍ പൂക്കും ചിത്രണങ്ങള്‍,
ചൊല്ലിക്കൊടുക്കുന്നതൊക്കെയും ഈണത്തില്‍
ഏറ്റു പാടിക്കൊണ്ടു കുട്ടികളും

കൊച്ചുമുതലാളിയെ കൂട്ടുകാര്‍ ഒത്തുചേര്‍-
ന്നെതിരേറ്റകത്തേയ്ക്കു കൊണ്ടൂ പോയീ
വിദ്യാലയത്തിന്റെ പടവുകള്‍ക്കിപ്പുറം
പാതയോരത്തു ഞാന്‍ ഏകനായീ

ഇപ്പടിയ്ക്കപ്പുറത്തറിവിന്റെ മലരുകള്
വിരിയുന്ന വിദ്യാലയത്തിലേയ്ക്ക്
ആരാണ് കാലമേ നാളെയെന്നാകിലും
കൈപിടിച്ചെന്നെയും കൊണ്ടുപോക?!

Labels:

ജാലകം