സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Friday, November 14, 2008

ചതുരംഗം

1.കളിക്കളം
കറുപ്പിലും വെളുപ്പിലും ചതുരക്കളം.
രുധിരത്തില്‍ കുതിരുന്ന കുരുതിക്കളം.
അക്കമിട്ടെണ്ണിയ കാലാള്‍ നിരന്നു.
തേരുണ്ട്, കുതിരയുണ്ടാനയുണ്ട്.
രക്ഷാവലയത്തിനുള്ളിലായ് എവിടെയോ
മന്ത്രിയോടൊപ്പം മഹാരാജനുണ്ട്.

2.സമനില
വലതുവെട്ടി ഇടതുവെട്ടി ആളൊടുങ്ങി;
പകലറുതിയായി; തേരൊടുങ്ങി;
ആനപോയ് കുതിരപോയ് എല്ലാമൊടുങ്ങി;
അടരാടി മതിയായീ ഹരമൊടുങ്ങി.
രാജന്‍, നമുക്കിനി സന്ധിചെയ്യാം.
ശാന്തിഗീതങ്ങള്‍ നമുക്കുപാടാം.

3.സന്ധി
ഛായാഗ്രാഹികള്‍ കണ്‍‌തുറന്നു.
വെള്ളിവെളിച്ചത്തില്‍ ഇരു മുഖങ്ങള്‍.
മന്ദസ്മിതത്തോടെ ഹസ്തദാനം.
രാഷ്ട്രീയത്തില്‍ സ്ഥിരം ശ്രത്രുവില്ല.

4.കാണാപ്പുറം
ചാരം പുതച്ചിരുന്നെലും ചുടുകാട്ടില്‍
ചിതകളിലപ്പൊഴും കനലെരിഞ്ഞു.
കണ്ണീരുവറ്റിയ കണ്ണുകള്‍ക്കുള്ളിലായ്
സ്വപ്നങ്ങള്‍ ചിതകളില്‍ വെന്തെരിഞ്ഞു

Labels:

ജാലകം