സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Thursday, January 13, 2011

കഥയറിയത്തവര്‍

രാവിലെ വെട്ടം വീഴുന്നതിനു മുന്പേ തിരിച്ചതാണ്‌. ഇങ്ങു എത്തിയപ്പോഴേയ്ക്കും സന്ധ്യയായിരുന്നു.
റബേക്ക മുന്നിലും തലച്ചുമടുമായി കാലെബ് പിന്നിലുമായി നടന്നു.

"ലെയാ...എന്തൊക്കെയുണ്ട് വിശേഷങ്ങള്‍...കുഞ്ഞു ദാവീദിനു സുഖം തന്നെയല്ലേ?"...വെള്ളം കോരിക്കൊണ്ടൂ നിന്ന യുവതിയോടു റബേക്ക കുശലം ചോദിച്ചു. അവര്‍ക്കത് ഇഷ്ടമായില്ലെന്നു തോന്നുന്നു. മുഖം കറപ്പിച്ചുകൊണ്ട് വീടിനകത്തേയ്ക്ക് കയറിപ്പോയി. കപ്പി തിരിച്ചു കറങ്ങി, തൊട്ടി ശബ്ദത്തോടെ വെള്ളത്തില്‍ വീണു.

മൂന്നാഴ്ചകൊന്ട് എത്രപ്പെട്ടന്നാണ്‌ എല്ലാവരും മാറിപ്പോയത്. നഗരമാണെങ്കില്‍ അപരിചിതരെക്കൊണ്ടു നിറഞ്ഞിരിയ്ക്കുന്നു. പെസഹാത്തിരുന്നാളിന്റേതുപോലെ. പരിചയമുള്ളവരാണെങ്കില്‍ ദാ കണ്ടില്ലേ ഇങ്ങനെ.

"നിങ്ങളല്ലേ പറഞ്ഞത് ആ ഒലിവു മരം ഉണങ്ങിപ്പോവുമെന്ന്, നോക്കൂ അത് തളിരിട്ടിരിയ്ക്കുന്നു." റബേക്കാ വീടിനോടുചേര്‍ന്നുള്ള ഒലിവുമരത്തിലേയ്ക്ക് വിരല്‍ ചൂണ്ടി. ഉവ്വ് അത് ഉണങ്ങിപ്പോവുമെന്ന് താന്‍ തീര്‍ച്ചപ്പെടുത്തിയതുതന്നെയാണ്. കാലെബ് ഓര്‍മ്മിച്ചു.

“എനിയ്ക്കു വയ്യ ഈ ചുമടെടെക്കാന്‍...”. തലയില്‍ നിന്നും ചാക്കുകെട്ട് ഇറക്കി വയ്കുമ്പോള്‍ അയാള്‍ പിറുപിറുത്തു. മൂന്നു മാസം മുന്‍പ് അവരുടെ കഴുത ചത്തു പോയിരുന്നു.

ഹെബ്രോണില്‍ അവര്‍ക്ക് കുടുംബവക കൃഷിസ്ഥലമുണ്ട്. അതില്‍ അയാള്‍ക്ക് ഓഹരിയുമുണ്ട്. പൊന്നു വിളയുന്ന മണ്ണ്‌. ബാര്‍ളിയും ഗോതമ്പുമാണ് പ്രധാനകൃഷി. കഴുതയുണ്ടായിരുന്നപ്പോള്‍ മൂന്നു ചാക്കു ഗോതമ്പും ഒരു ചാക്കു ബാര്‍ളിയും കൊണ്ടു വന്നാല്‍ ഒരു മാസത്തെ കച്ചവടത്തിനു മതിയാവും. ഇപ്പോള്‍ കഴുതയില്ല. ഒരു തവണ പോയാല്‍ ഒരു ചാക്കു ഗോതമ്പേ കൊണ്ടു വരാനാവൂ. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്കു പോവണം. ചുമടൊക്കെ താന്‍ തന്നെ എടുക്കുകയും വേണം. ഇത്തവണ കൃഷിയിറങ്ങിയതേയുള്ളൂ. കഴിഞ്ഞ തവണത്തെ വിളവ് ഒന്നാം തരമായിരുന്നു. ഇത്തവണത്തെ വിളവെടുപ്പിനു മുന്‍പായിട്ട് ഒരു കഴുതയെ വാങ്ങണം.

സാധാരണ ഹെബ്രോണിലേയ്ക്കു പോയാല്‍ കൂടിവന്നാല്‍ രണ്ടൊ മൂന്നോ ദിവസത്തിനകം തിരിച്ചുവരാറുള്ളതാണ്‌. അരദിവസത്തെ യാത്ര മതിയാവും. പക്ഷേ ഇത്തവണ പക്ഷേ പോയത് ധാന്യം കൊണ്ടുവരാം മാത്രമായിരുന്നില്ല. കഴിഞ്ഞ തവണ പോയിരുന്നപ്പോള്‍ തന്നെ അപ്പന്‍ കിടപ്പിലായിരുന്നു. ഇനി അധികം കാലമില്ലെന്ന് അപ്പന്‍ തന്നെ പറയുകയും ചെയ്തു. വൈദ്യനും അതു തന്നെയാണു പറഞ്ഞത്. ഇത്തവണ ചെന്നപ്പോള്‍ തീരെ അവശതയിലായിരുന്നു. നാലു നാള്‍ കഴിഞ്ഞപ്പോള്‍ മരിച്ചു. സംസ്കാരവും ചടങ്ങുകളുമായി പിന്നെയും മൂന്നാലു ദിവസം. പേരെഴുതിയ്ക്കുകയും വേണമായിരുന്നു. പിന്നെ അല്ലറ ചില്ലറ കൃഷിപ്പണികളും മറ്റുമുണ്ടായിരുന്നു. മടങ്ങിയപ്പോള്‍ മൂന്നാഴ്ച കഴിഞ്ഞിരുന്നു.

യാത്രയുടെ ക്ഷീണമുണ്ടായിരുന്നതുകൊന്ട് നേരത്തേ തന്നെ കിടന്നു. ഒരു കുളമ്പടി ശബ്ദം അടുത്തടുത്തു വരുന്നു. താനൊന്നു മയങ്ങിയിരുന്നോ, കാലെബ് സംശയിച്ചു. ആരോ വാതിലില്‍ മുട്ടുന്നു. കൊളുത്തെടുത്തപ്പോഴേയ്ക്കും അവര്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നിരുന്നു. പട്ടാളക്കാരാണ്‌. പ്രധാനി കുതിരപ്പുറത്തു വെളിയില്‍ തന്നെയുണ്ട്. റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ ഊരിപ്പിടിച്ച വാളുമായി മൂന്നുപേര്‍ വീടുമുഴുവന്‍ അരിച്ചു പെറുക്കി. പേടിച്ചരണ്ട് റബേക്ക ഭിത്തിയൊടൂ പറ്റിച്ചേര്‍ന്നു നിന്നു. തിരിച്ചു പോവുമ്പോള്‍ ഇല്ല എന്നു പറയുന്നതുകേട്ടൂ. വല്ല കള്ളന്മാരെയും അന്വേഷിച്ചു വന്നതായിരിയ്ക്കും.

ഒന്നോ രണ്ടൊ മണിയ്ക്കൂറു കഴിഞ്ഞു കാണണം. ഞട്ടിയുണര്‍ന്നത് ഒരു കൂട്ട നിലവിളി കേട്ടാണ്‌ . ദിക്കു മനസിലായില്ല, എങ്കിലും അകലെയല്ല. ഒരു മൈലിനുള്ളില്‍ എവിടെയോ എന്തോ സംഭവിച്ചിരിയ്ക്കുന്നു. എന്താവും?കാലെബും റബേക്കയും കുറച്ചു നേരം കട്ടിലില്‍ എഴുനേറ്റിരുന്നു. പിന്നെ കിടന്നു.

നേരം വെളുത്തു. മഞ്ഞുണ്ട്, നല്ല തണുപ്പും. കാലെബ് കിടക്കയില്‍ ചുരുണ്ടു കൂടിയെങ്കിലും റബേക്ക എഴുന്നേറ്റ് പതിവു ജോലികളില്‍ വ്യാപൃതയായി. അപ്പത്തിനുള്ള മാവു അരച്ചു വച്ച് വീടിനു വെളിയില്‍ ഇറങ്ങി.

മൂന്നുമാസമായി ഉപയോഗശൂന്യമായി ആകെ അലങ്കേലമായി കിടന്നിരുന്ന തൊഴുത്തും പരിസരവും ആരോ വൃത്തിയാക്കിയിട്ടിരിയ്ക്കുന്നു. അവര്‍ കാലെബിനെ വിളിച്ചെഴുന്നേല്‍‌പിച്ചു.

അതു മാത്രമോ കല്ലുകൂട്ടി പുതിയ ഒരടുപ്പ്, അടുത്ത് കൂട്ടിയിട്ട ചാരം. അധികം പഴയതല്ലാത്ത കഴുതച്ചാണകം ഒരു മൂലയ്ക്ക്.

ആരോ ഇവിടെ വന്നിരുന്നു അവര്‍ ഉറപ്പിച്ചു. വല്ലവരും ഒളിച്ചു താമസിച്ചതാവുമോ? ഇന്നലത്തെ പട്ടാളക്കാരുടെ വരവുമായി കൂട്ടീ വായിച്ചാല്‍ അതിനു സാധ്യതയുണ്ട്. അല്ലെങ്കില്‍ പിന്നെ വല്ല അന്യദേശക്കാരും സത്രത്തില്‍ ഇടം കിട്ടാതെ വന്നപ്പോള്‍...അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാവില്ല. ലക്ഷണം വച്ചു നോക്കിയാല്‍ ആരാണെങ്കിലും ഒരു രണ്ടാഴ്ചയെങ്കിലും തങ്ങിയമട്ടൂണ്ട്. തന്നെയുമല്ല കുറച്ചു നാള്‍കൂടി തങ്ങാനുള്ള തയ്യാറെടുപ്പിലുമായിരുന്നെന്നു തോന്നുന്നു. വിറകു ശേഖരിച്ച് അടുക്കി വച്ചിട്ടൂണ്ട്. അപ്പോള്‍ പിന്നെ കള്ളന്മാരും കൊള്ളക്കാരുമൊന്നുമല്ല. അന്യദേശക്കാരാണങ്കില്‍ ഒന്നോ രണ്ടൊ ദിവസം കഴിഞ്ഞു തിരിച്ചു പോവേണ്ടതല്ലേ! അപ്പോള്‍ പിന്നെ ആരായിരിയ്ക്കും.

ഉപേക്ഷിയ്ക്കപ്പെട്ടനിലയില്‍ പഴന്തുണിക്കഷണങ്ങള്‍. അപ്പോള്‍ അവര്‍ക്കൊപ്പം ഒരു കുഞ്ഞും ഉണ്ടായിരുന്നിരിയ്ക്കുമോ?
ആരോടെങ്കിലും അന്വേഷിയ്ക്കണം. ആരുടെയും കണ്ണീല്‍‌പെടാതെ ഇത്രനാളും ആര്‍ക്കും ഇവിടെ കഴിയാന്‍ പറ്റുമെന്നു തോന്നുന്നില്ല.

“മൂന്നു നാലു ദിവസം മുന്‍പേ വന്നിരുന്നെങ്കില്‍ ഒരു നാലു ദനാറയെങ്കിലും വാടക ചോദിയ്ക്കാമായിരുന്നു”. റബേക്ക അപ്പോഴോര്‍ത്തത് കഴുതയെ വാങ്ങുന്നതിനെപ്പറ്റിയാണ്. കാലെബ് അപ്പോഴും അത് ആരായിരിയ്ക്കാമെന്നാണ് ചിന്തിച്ചത്.

അപ്പോഴാണ് അടുക്കിയ വിറകുകള്‍ക്കു പിന്നില്‍ ഒരു തുണിക്കെട്ട് റബേക്ക കണ്ടത്. അവര്‍ പതുക്കെ കെട്ടഴിച്ചു. ഒരു ചെപ്പ് , അതില്‍ നിറയെ പൊന്ന്. മാലകള്‍, മോതിരങ്ങള്‍. റബേക്കയ്ക് വിശ്വസിക്കാനായില്ല.

“നിങ്ങളിതു കാണുന്നുണ്ടോ എന്തൊക്കെയാണിത്...” പൊന്നിന്റെ ചെപ്പുമായി അവര്‍ കാലെബിന്റെ അടുത്തെത്തി.

റബേക്കയുടെ വിളി കാലെബിനെ ആലോചനയില്‍ നിന്നുണര്‍ത്തി.

“ശ്...ശ്...ആരോ ഇങ്ങോട്ടു വരുന്നുണ്ട്...”
ഒരു മനുഷ്യന്‍...കണ്ടിട്ട് വിദേശിയാണെന്നു തോന്നുന്നു. റബേക്ക വേഗം തന്നെ ചെപ്പ് കുപ്പായത്തിന്റെ മടക്കുകളില്‍ മറച്ചു.
ഒരു ഒട്ടകവുമുണ്ട്.

“എന്റെ പേര് ആര്‍ത്തബാന്‍...ഞാന്‍ പേര്‍ഷ്യയില്‍ നിന്നു വരുന്നു” ആഗതന്‍ സ്വയം പരിചയപ്പെടുത്തി. “മൂന്നു ദിവസമായി ഞാന്‍ ഇവിടെ എന്റെ മൂന്നു സുഹൃത്തുക്കളെ തിരയുന്നു. ഒട്ടകപ്പുറത്താണു അവരുടെ സഞ്ചാരം , വേഷം എന്റേതുപോലെ തന്നെ, പേര്‍ഷ്യക്കാരാണ്. ഈ വഴിയെങ്ങാനും വന്നുവോ അവരെങ്ങാനും?”

“ഇല്ല”. കാലെബാണു മറുപടി പറഞ്ഞത്. ഇന്നലെ വന്ന താനെങ്ങനെ അതിനുമുന്‍പു വന്നവരെക്കുറിച്ച് അറിയാനാണ്. വന്നവഴിയെ ആര്‍ത്തബാന്‍ തിരിച്ചുപോയി.

റബേക്ക കഴുതയെ വാങ്ങുന്നതിന് ഒരു വഴിതെളിഞ്ഞതില്‍ സന്തോഷിച്ചു. മീറയുടെയും കുന്തിരിക്കത്തിന്റെയും ചെപ്പുകള്‍ അവരുടെ കണ്ണില്‍ പെടാതെ പഴന്തുണികള്‍ക്കിടയില്‍ കിടന്നിരുന്നു. ഹേറോദേസിന്റെ പട്ടാളക്കാര്‍ വീടുകള്‍ കയറിയിറങ്ങി രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ തിരഞ്ഞു പിടിച്ചു വധിച്ചു. അമ്മമാരുടെ നിലവിളികള്‍ പട്ടണത്തില്‍ പതിവ് സംഭവങ്ങളായി. ലെയ തന്റെ കുഞ്ഞു ദാവീദിനെ ഓര്‍ത്തു കരഞ്ഞു. ആര്‍ത്തബാന്‍ തന്റെ സുഹൃത്തുക്കളായ കാസ്പറിനെയും ബെല്‍ത്താസറിനെയും മേല്‍ഷ്യറിനെയും അന്വേഷിച്ചു ബെദ്ലഹെമിലൂടെ അലഞ്ഞു നടന്നു. യൌസേപ്പ് അപ്പോള്‍ മറിയത്തെയും ഈശോയെയും കൊണ്ട് ഈജിപ്തിലേക്കുള്ള യാത്രയിലായിരുന്നു. കാലേബ് അപ്പോഴും സംഭവങ്ങളെ പരസ്പരം ബന്ധിപ്പിയ്ക്കുവാന്‍ പണിപ്പെടുകയായിരുന്നു.

ജാലകം